KERALA
ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു

കൽപ്പറ്റ : ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. റവന്യൂ മന്ത്രി കെ. രാജനും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.
കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസിനെ അണക്കെട്ടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പുയര്‍ന്നതോടെ ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നിലവില്‍ ഒരുഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍വരെ വെള്ളം പുറത്തേക്കൊഴുക്കുന്നതിന് അനുമതിയുണ്ട്. വെള്ളം തുറന്നുവിടുമ്പോള്‍ സമീപപ്രദേശങ്ങളിലും ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ ഭാഗത്തേക്ക് പോവുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍നിന്ന് മീന്‍പിടിക്കുകയോ പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് കളക്ടര്‍ എ. ഗീത പറഞ്ഞു.