Connect with us

KERALA

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

Published

on

കണ്ണൂർ: കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ എന്ന പി കെ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ന് വൈകിട്ട്‌ ആറ് മണിയോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.

1935 ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി. 1939 ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്‌റ്റ്‌ പാർടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയിൽ നടന്ന ഒന്നാം പാർടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർടി പ്രവർത്തനം നടത്തി. 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു . 57 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്കൂളിൽ നിന്ന് മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1965 ൽ ബ്ലിറ്റ് സ് ലേഖകനായി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായരായി.

സിഐഎയുടെ രഹസ്യ പദ്ധതികൾ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബർലിൻ മതിൽ തകർന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസിൽ സിപിഎം നിന്ന് പുറത്താക്കപ്പെട്ടു. ഭാര്യ: സരസ്വതിയമ്മ. മകൾ : ഉഷ (ബർലിൻ). മരുമകൻ: ബർണർ റിസ്‌റ്റർ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, കാർത്യായനി.

Continue Reading