KERALA
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മേയറെ തള്ളി സിപിഎം

കോഴിക്കോട്: മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഎം. മേയര്‍ ബീനാ ഫിലിപ്പിന്‍റെ നടപടി സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് എതിരാണ്. മേയറുടെ നടപടി സിപിഎമ്മിന് അംഗീകരിക്കാനാവില്ല. മേയറുടെ നിലപാടിനെ പരസ്യമായി തള്ളുന്നതായും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അറിയിച്ചു.
‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഎം തീരുമാനിച്ചു’, പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.