NATIONAL
ഹാഥ്രസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീം കോടതി

ഡല്‍ഹി: ഹാഥ്രസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യങ്ങള്‍ വ്യാഴാഴ്ചയോടെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
ദലിത് പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ ആക്രമണത്തിനിരയായി മരിച്ച സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി നടപടി. ഹാഥ്രസില്‍ നടന്നത് ഞെട്ടിപ്പിക്കുന്നതും അസാധാരണവുമായ സംഭവമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്ന് കോടതി പറഞ്ഞു.
കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിടണമെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ നടക്കുകയാണ്, അത് അവസാനിക്കേണ്ടതുണ്ടെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ഹാഥ്രസ് സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും കോടതിയില്‍ നല്‍കിയ സത്യവങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു.
ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ്, ഹാഥ്രസില്‍ അക്രമത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. വന്‍തോതില്‍ അക്രമം ഉണ്ടാവാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ പറഞ്ഞു.
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ തലേ ദിവസം വിധി വന്നതിനാല്‍ ജില്ല അതീവ ജാഗ്രതയില്‍ ആയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനു പിന്നാലെ വന്‍തോതില്‍ അക്രമത്തിനു സാധ്യതയുള്ളതായി ജില്ലാ ഭരണകൂടത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു.
ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ നടന്ന ധര്‍ണ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹാഥ്രസ് പെണ്‍കുട്ടി മരിച്ച സംഭവം ജീതി, സമുദായ സംഘര്‍ഷത്തിന് ഉപയോഗിക്കപ്പെടാനിടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത് സത്യവാങ്മൂലത്തില്‍ പറയുന്നു.