Connect with us

Crime

പാറക്കെട്ടിൽ ആരോ കുടുങ്ങുക്കിടക്കുന്നുവെന്ന സന്ദേശം പോലീസും അഗ്നിരക്ഷാസേനയും ഒരുപോലെ ചുറ്റിച്ചത് മൂന്നു മണിക്കൂറോളം

Published

on

ഇടുക്കി: പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങുക്കിടക്കുന്നുവെന്ന സന്ദേശം പോലീസും അഗ്നിരക്ഷാസേനയും ഒരുപോലെ ചുറ്റിച്ചത് മൂന്നു മണിക്കൂറോളം. ചുരുളി ആൽപാറ സ്വദേശിയായ യുവാവാണ് ആൾ കുടുങ്ങിക്കിടക്കുന്നുവെന്ന സന്ദേശം അയച്ചത്. രാത്രിയിൽ മലമുകളിൽനിന്നു ടോർച്ചിന്റെ പ്രകാശം കണ്ടെന്നും ആരോ മേടിനു മുകളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നായിരുന്നു യുവാവ് സന്ദേശം അയച്ചത്.
തുടർന്ന് കഞ്ഞിക്കുഴി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാൽക്കുളം മേടിന്റെ താഴ്വാരത്തുള്ള ആൽപാറയിൽ എത്തി പരിശോധിച്ചു. ആദ്യം മലയ്ക്ക് മുകളിൽ കൊടി പോലെയാണ് കണ്ടത്. ഇക്കാര്യം നഗരംപാറ റേഞ്ച് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ വനപാലകരും താൽക്കാലിക വാച്ചർമാരും അടങ്ങുന്ന സംഘം ആൽപാറയിൽ നിമിഷ നേരംകൊണ്ട് എത്തി.

എന്നാൽ പരിസരവാസികളോട് വിവരം തിരക്കുകയും മലയടിവാരത്തു നിന്നു നിരീക്ഷണം നടത്തുകയും ചെയ്തിട്ടും കുടുങ്ങി കിടക്കുന്നത് എന്താണെന്ന് മാത്രം വ്യക്തമായില്ല. ഇതോടെ ഇറങ്ങി പരിശോധിക്കാൻ തീരുമാനിച്ചു. മഴ പെയ്തു പായൽ പിടിച്ചു വഴുക്കനായ കുത്തനെയുള്ള മലമുകളിലേക്ക് സംഘം കയറി.ഈ സമയം പോലീസും ഫയർഫോഴ്‌സും മലയടിവാരത്തിൽ കാത്തുനിന്നു. ഒന്നര മണിക്കൂറോളം പണിപ്പെട്ട് ‘ആൾ കുടുങ്ങി കിടക്കുന്ന’ സ്ഥലത്തെത്തി. നോക്കിയപ്പോൾ കണ്ടത് കുട്ടികളുടെ ടെഡി ബെയർ ആയിരുന്നു.. ഉത്സവ പറമ്പിൽനിന്നു വാങ്ങാൻ കിട്ടുന്ന ഹൈഡ്രജൻ നിറച്ച കരടിക്കുട്ടൻ ഏതോ കുട്ടിയുടെ കൈയ്യിൽനിന്നു വഴുതി മലമുകളിൽ എത്തിയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ തെറ്റായ സന്ദേശം നൽകിയ യുവാവിനെതിരെ കേസ് എടുക്കുമെന്ന് വനപാലകർ അറിയിച്ചു.

Continue Reading