Crime
മലമ്പുഴയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയവർ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയവർ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്.
ഷാജഹാനെ ആദ്യം വെട്ടിയത് പാർട്ടി മെമ്പറായ ശബരിയാണെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു. പിന്നാലെ ഷാജഹാനെ അനീഷ് വെട്ടി. ഇരുവരും പാർട്ടി പ്രവർത്തകരാണ്. അക്രമിസംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. അതിൽ രണ്ട് പേരാണ് വെട്ടിയത്. ദേശാഭിമാനി വരുത്തിയതിനെച്ചൊല്ലിയുള്ള തർക്കം ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു.
ഇന്നലെ രാത്രി 9.15 ഓടെ കുന്നങ്കാടാണ് സംഭവം. വീട്ടിന് മുന്നിൽ വച്ച് ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.കൊലയ്‌ക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് സി.പി.എം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഷാജഹാന് ആർ.എസ്.എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് മരുതം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.ഷാജഹാനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തതായി വിവരമുണ്ടായിരുന്നുവെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും എ. പ്രഭാകരൻ എം.എൽ.എ ആരോപിച്ചു. അതേസമയം ഷാജഹാന്റെ കൊലപാതകത്തിൽ ബി.ജെ.പിക്കോ ആർ.എസ്. എസിനൊ പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റെ എം.കെ ഹരിദാസ് പറഞ്ഞു.
2008ൽ ആർ.എസ്.എസ് പ്രവർത്തനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഷാജഹാൻ.ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്നാണ് എഫ്.ഐ.ആര്‍. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ലെന്നും എഫ്.ഐ.ആറിലുണ്ട്. സി.പി.എമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നതാണ് കൊലയ്ക്കു കാരണമായതെന്നും എഫ്ഐആറിലുണ്ട്.