Connect with us

HEALTH

ഓക്സിജൻ ലഭിക്കാതെ ആംബുലൻസിൽ രോഗി മരിച്ചു

Published

on

തിരുവല്ല : പടിഞ്ഞാറേ വെൺപാല പുത്തൻ തുണ്ടിയിൽ വീട്ടിൽ രാജൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.ശ്വാസം മുട്ടൽ അനുഭവപ്പെട്ട രാജനെ രാതി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഡ്യൂട്ടി ഡോക്ടർ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നു. വാഹനം പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്സിജൻ മാസ്ക്  ഘടിപ്പിച്ചിരുന്ന രാജന് ശ്വാസ തടസം അനുഭവപ്പെട്ടു. ശ്വാസം മുട്ടുന്നതായും ഓക്സിജൻ ലഭിക്കുന്നില്ലെന്നും രാജൻ ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനോട്  പറഞ്ഞു. ഈ വിവരം ആംബുലൻസ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല.

തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. ആംബുലൻസ് പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിലുണ്ടായിരുന്ന സിലിണ്ടർ മാറ്റിവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇതിൽ ദുരൂഹതയുള്ളതായും  ബന്ധുക്കൾ പറഞ്ഞു.ഓക്സിജൻ ലഭിക്കാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളേജിലെ റിപ്പോർട്ടിലുള്ളത്.

Continue Reading