KERALA
ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ പാസായി.

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭയിൽ പാസായി. 23 വർഷം മുൻപ് ഇ.കെ നായനാർ സർക്കാർ പാസാക്കിയ ലോകായുക്ത നിയമത്തിന് കൊണ്ടുവന്ന ഭേദഗതിയാണ് പാസാക്കിയത്. അതിനിടെ ഇന്ന് സഭാചരിത്രത്തിൽ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. ‘ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങളില്ല.’ എന്ന് വ്യക്തമാക്കി പ്രതിപക്ഷം വോട്ടെടുപ്പിന് മുൻപ് സഭ ബഹിഷ്‌കരിച്ചു.
ലോകായുക്ത വിധിയിന്മേൽ ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നിവർക്ക് വാദം കേട്ട ശേഷം മൂന്ന് മാസത്തിനകം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ആദ്യം സർക്കാർ കൊണ്ടുവന്നത്. ഇതിനെതിരെ സി.പി.ഐ അടക്കം വിയോജിച്ചതോടെ വിവാദമായി. പിന്നീട് മുന്നണിയുടെ ഉളളിലുണ്ടായ ഒത്തുതീർപ്പ് ധാരണ പ്രകാരമാണ് വീണ്ടും മാറ്റങ്ങൾ വരുത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭയും, മന്ത്രിമാർക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും, എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറും, ഉദ്യോഗസ്ഥർക്കെതിരായ വിധിയിൽ സർക്കാരും അപ്പീലധികാരികളാവും. നേരത്തേ രാഷ്ട്രീയ നേതാക്കളെയും ലോകായുക്ത പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.