NATIONAL
പ്രധാനമന്ത്രി നാളെ കൊച്ചിയിൽ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച 9.30നാണ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകള്‍. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ കൊച്ചി കപ്പല്‍ശാലയില്‍ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിക്കും. മുന്‍വശത്തെ ഡെക്കില്‍ ദേശീയപതാക ഉയര്‍ത്തും. കോളനിവാഴ്ചയുടെ ഭൂതകാലത്തില്‍നിന്നുള്ള വിടവാങ്ങല്‍ അടയാളപ്പെടുത്തി പുതിയ നാവിക പതാക (നിഷാന്‍) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പിന്‍വശത്തെ ഡെക്കില്‍ ഉയര്‍ത്തും. കമ്മിഷനിങ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട, 1972ലെ യുദ്ധത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി സംസാരിക്കും. മുന്‍ ഐ.എന്‍.എസ്. വിക്രാന്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഓഫീസര്‍മാരുമായി കൂടിക്കാഴ്ചയും നടത്തും. ചടങ്ങിനുശേഷം വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത കൊച്ചി കപ്പല്‍ശാലാ ഉദ്യോഗസ്ഥരുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി കാലടി ആദിശങ്കര ക്ഷേത്രം സന്ദര്‍ശിക്കും. അതിനു മുമ്പ് നെടുമ്പാശ്ശേരിയില്‍ ബി.ജെ.പി. പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും. രാത്രി കൊച്ചി താജ് മലബാര്‍ ഹോട്ടലില്‍ ബി.ജെ.പി. കേരള കോര്‍കമ്മിറ്റി യംഗങ്ങളുമായി ആശയവിനിമയം നടത്തും.