Crime
സില്‍വര്‍ ലൈന്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിക്കു സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
കല്ലുകള്‍ക്കു പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമൂഹിക ആഘാത പഠനം നടത്താമെന്നു സര്‍ക്കാര്‍ തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ കല്ലുകളിടുന്നതില്‍ പ്രതിഷേധിച്ചവരെ കേസ് നടപടികളുടെ പേരില്‍ കഷ്ടപ്പെടുത്തണോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നാണു കോടതിയുടെ നിര്‍ദേശം. കേസുകളുടെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജികള്‍ 26 നു പരിഗണിക്കാന്‍ മാറ്റി.
നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിര്‍ത്തതിന്റെ പേരില്‍ പൗരന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുത്തിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. റെയില്‍വേയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അംഗീകാരം ലഭിക്കാത്ത പദ്ധതിയ്ക്കായാണ് കെ റെയിലും കേരള സര്‍ക്കാരും വന്‍തുക ചെലവഴിച്ചെന്നും ഖജനാവിന് അനാവശ്യ ബാധ്യതയുണ്ടാക്കിയെന്നും ഹര്‍ജിക്കാര്‍ വിശദീകരിച്ചു.
പദ്ധതിയുടെ ഡിപിആര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സാങ്കേതിക കാര്യങ്ങളില്‍ ഒട്ടേറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ റെയില്‍വേ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടില്‍ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് അടുത്ത തവണ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പരിഹരിക്കാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചതായി സര്‍ക്കാരും കെ റെയില്‍ അധികൃതരും ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ വിജ്ഞാപനമില്ലാതെ സര്‍വേ നടപടികള്‍ പുനരാരംഭിക്കില്ലെന്നും വ്യക്തമാക്കി. ഇതു ഹൈക്കോടതി രേഖപ്പെടുത്തി. കെ റെയില്‍ എന്നെഴുതിയ സര്‍വേ കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണു ഹൈക്കോടതി പരിഗണിക്കുന്നത്.