Gulf
ഏഷ്യാ കപ്പ് കാണാൻ പോകുന്നതൊക്കെ ശരി ,അലമ്പ് കളി വേണ്ട. വരച്ചവരയിൽ നിർത്താൻ മാഹി കാരന്റെ ജെൻ ഡൂർ ഗ്രൂപ്പ് ഒരുങ്ങി

ദുബായ് : മാഹി സ്വദേശിയായ നയീം മൂസയുടെ ജെൻ ഡൂർ ഗ്രൂപ്പാണ് ഗൾഫിലെ ഇപ്പോഴത്തെ ചർച്ച . നയീം മൂസയും സംഘവും നെഞ്ചു വിരിച്ചു നിന്നാൽ, ധൈര്യമായി. എത്ര ആളു കൂട്ടുന്ന വലിയ പരിപാടികൾ പോലും തടസ്സപ്പെടില്ലാതെ ഗൾഫിൽ ഇപ്പോൾ നടത്താം. കാരിരുമ്പിന്റെ കരുത്തുള്ള പഴുതടച്ച സുരക്ഷ അതാണ് ഈ മാഹിക്കാരന്റെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന്റെ വിശ്വാസത. 18 വർഷം പിന്നിടുമ്പോളും ജെൻ ഡൂർ ഗ്രൂപ്പ് മസിലു വിടാതെ നെഞ്ച് വിരിച്ച് നിവർന്നു നിൽക്കുകയാണ്.
ഏഷ്യാ കപ്പ് ക്രിക്കറ്റിനാണ് ഇപ്പോൾ നയീമിന്റെ ടീം സുരക്ഷ കൊടുക്കുന്നത്. മസിലു പെരുപ്പിച്ചു നിവർന്നു നിന്നാൽ, അലമ്പ് കാണിക്കാൻ വരുന്നവർ ഒന്ന് പത്തിമടക്കും. ആ തലയെടുപ്പും മെയ്ക്കരുത്തുമാണ് ഇവരുടെ ആയുധം. കയ്യിൽ ഒരു വടി പോലുമില്ലാതെയാണ് അവർ ലക്ഷക്കണക്കിനാളുകളെ നിയന്ത്രിക്കുന്നത്. പരിപാടി തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് യൂണിഫോം ഇട്ടു വരുന്ന സെക്യൂരിറ്റി പണിയല്ല ഇത്. ഏതൊരു വമ്പൻ പരിപാടിയാണെങ്കിലും അതിന്റെ ആസൂത്രണം മുതൽ നയീമിന്റെ സംഘം അതിലുണ്ടാകും.
പരിപാടിയുടെ രൂപരേഖ കൃത്യമാകുന്നതോടെ സുരക്ഷാ ജോലിയുടെ നല്ലൊരു ശതമാനവും പൂർത്തിയാകും. പുതുവർഷ രാത്രിയിൽ 10 ലക്ഷത്തിലേറെ ആളുകളാണ് ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ വരുന്നത്. അതിൽ ഒരാൾക്കു പോലും അവരുടെ ആഘോഷം നഷ്ടമാകരുത്. ഒരാൾക്കു പോലും അപകടവും സംഭവിക്കരുത്. ദുബായ് മാളിലെയും റസ്റ്ററന്റുകളിലെയും കച്ചവടം തടസ്സപ്പെടരുത്. കുടുംബമായി എത്തുന്നവർക്കു സ്ഥലം ഒരുക്കണം, ബാച്ച്‌ലേഴ്സിനു സൗകര്യം വേണം – പുതുവർഷത്തലേന്ന് സുരക്ഷ ഒരുക്കുമ്പോഴുള്ള വെല്ലുവിളികളാണിത്.
കഴിഞ്ഞ 12 വർഷവും ഈ വെല്ലുവിളികളെ സധൈര്യം ഇവർ നേരിട്ടു. ഹോളിവുഡ് താരം വിൽസ്മിത്, മോഡൽ പാരിസ് ഹിൽട്ടൺ, ഗായകരായ ജസ്റ്റിൻ ബീബർ, ജസ്റ്റിൻ റോബട്സ്, ഇന്ത്യൻ അഭിനേതാക്കളായ ഷാരൂഖ് ഖാൻ, കമൽഹാസൻ, കരീന കപൂർ, മോഹൻലാൽ, മമ്മൂട്ടി, മഞ്ജുവാരിയർ തുടങ്ങി എല്ലാവർക്കും സുരക്ഷ ഒരുക്കുന്നത് നയീമിന്റെ ജെൻഡൂർ ഗ്രൂപ്പാണ്.
സർക്കാരിന് വിശ്വസം ജെൻഡൂറിനെ
യുഎഇ പൊലീസുമായും സർക്കാരുമായും ചേർന്നു നിൽക്കുന്ന സ്ഥാപനമാണ് ജെൻഡൂർ. രാജ്യത്ത് ഏതു വലിയ ആഘോഷം നടന്നാലും സുരക്ഷാ കരാർ ജെൻഡൂറിനെ തേടിയെത്തും. ദുബായിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ്, ഇത്തവണ ഏഷ്യാ കപ്പിന്റെ സുരക്ഷ നയീമിനെ ഏൽപ്പിച്ചത്. വിവിഐപികളുടെ സുരക്ഷയിൽ ഏറ്റവും വിഷമിച്ചു പോയത് ജസ്റ്റിൻ ബീബർക്കൊപ്പമാണെന്നു നയീം പറഞ്ഞു. ഒരു സുരക്ഷാ ക്രമീകരണവും പാലിക്കാത്ത ആളാണ് ബീബർ.
രാത്രിയിൽ വണ്ടിയെടുത്ത് ഓടിക്കുക, റാഷ് ഡ്രൈവ് ചെയ്യുക, ആൾക്കൂട്ടത്തിലേക്ക് എടുത്തു ചാടുക തുടങ്ങി വലിയ സമ്മർദ്ദമാണ് നേരിട്ടത്. വിവിഐപി സുരക്ഷയ്ക്കു പുറമെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതും അവർക്ക് അസൗകര്യങ്ങൾ ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതും സുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സെക്യൂരിറ്റി ഗ്രൂപ്പ് എന്ന ആശയം ഉണ്ടാകുന്നത്.
2004ൽ അത് യാഥാർഥ്യമാക്കി, കേരളത്തിൽ തൃശൂരിലും ഒരു ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. ഏഷ്യാ കപ്പ് കഴിയുന്നതോടെ അബുദാബിയിലെ മദർ ഓഫ് ദ് നേഷൻ ആഘോഷ പരിപാടികളും ബുർജ് ഖലീഫയിലെ വെടിക്കെട്ടും അടക്കം ഭാരിച്ച ജോലികളാണ് ഇനി വരാനിരിക്കുന്നത്.