Crime
സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ അപ്പീൽ കൂടാതെ പരമാവധി ശിക്ഷ നൽകണമെന്ന സർക്കാരിന്റെ അപ്പീലും ഹൈക്കോടതി തള്ളി. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമേ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്.
ഗേറ്റ് തുറക്കാൻ വൈകിയതും, വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണ് കിടന്ന ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്.