Crime
പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലർ ഫ്രണ്ടുകാരൻ അറസ്റ്റിൽ

കൊല്ലം: ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലർ ഫ്രണ്ടുകാരനെ അറസ്റ്റുചെയ്തു. കൂട്ടിക്കട സ്വദേശി ഷംനാദാണ് ഇവരിപുരം റെയിവേഗേറ്റിന് സമീപത്തുവച്ച് ഇന്നലെ അർദ്ധരാത്രിയോടെ അറസ്റ്റിലായത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരികെ എത്തിയ ഉടനായിരുന്നു പിടികൂടിയത്.
ഹർത്താൽ ദിവസം രാവിലെയായിരുന്നു ഇയാൾ പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തിയത്. പോപ്പുലർഫ്രണ്ടുകാർ കടകളടപ്പിക്കുകയും വഴിയാത്രക്കാരെ അസഭ്യംപറയുകയും ചെയ്യുന്നത് അറിഞ്ഞതോടെ സ്ഥലത്തെത്തിയ പൊലീസുകാരെയാണ് ഇയാൾ ആക്രമിച്ചത്. ഇതിൽ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സഭവം കഴിഞ്ഞ ഉടൻ താൻ ഒന്നും ചെയ്തില്ലെന്നും പൊലീസുകാർ തന്റെ വാഹനത്തിലേക്ക് വന്നിടിക്കുകയായിരുന്നു എന്നും ഇയാൾ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചറിയിക്കുകയും ഒപ്പം ഇ മെയിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാൽ പൊലീസ് തന്നെ തിരയുകയാണെന്ന് വ്യക്തമായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.