Connect with us

Crime

ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടു

Published

on

കൊച്ചി: കേസിൽ പെട്ട ശ്രീനാഥ് ഭാസിയുടെ കുരുക്കഴിയുന്നു. അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടു നൽകിയതായും അറിയുന്നു. സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നത് എന്നാണ് അഭിഭാഷകനിൽ നിന്ന് അറിയുന്നത്.നേരത്തെ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരടു പൊലീസാണു നടനെ അറസ്റ്റു ചെയ്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം.ഓൺലൈൻ ചാനലിനായുള്ള അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ നടനെ പരിശോധനയ്ക്കു വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകൾ മരട് പൊലീസ് ശേഖരിച്ചു. അതേസമയം അവതാരകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ ശ്രീനാഥിന് നിർമാതാക്കളുടെ സംഘടന സിനിമയിൽനിന്ന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Continue Reading