Crime
സ്വര്‍ണക്കടത്തു കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാക്കും. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പിക ആശങ്കയാണ് ഇഡിയുടേത്. കേസില്‍ കക്ഷികള്‍ ആകാതെയാണ് ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ഇഡി കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. വിചാരണ മാറ്റാന്‍ തക്കതായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും അത് വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇഡി നടത്തിയ അന്വേഷണത്തെ ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാരോ, പോലീസോ തടസ്സപെടുത്തിയിട്ടില്ല. സമന്‍സ് ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും ചോദ്യം ചെയ്യലിന് ഹാജരായി. മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അന്വേഷണ വിഷയവും ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഇഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനം സംസ്ഥാനത്തെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ട്. തെളിവുകളുടെ പിന്‍ബലം ഇല്ലാതെയാണ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി സ്വപ്ന സുരേഷ് ഉന്നതര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. അന്വേഷണ ഏജന്‍സി ആവശ്യപ്പെടാതെയാണ് സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയത്. ഇതിനെ കോടതിയില്‍ അന്വേഷണ ഏജന്‍സി എതിര്‍ത്തില്ല. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കേരളം ആരോപിച്ചിട്ടുണ്ട്.
ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ പി. എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. എതിര്‍കക്ഷി ആക്കിയിട്ടില്ലെങ്കിലും, ഗുരുതരം ആയ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഉന്നയിക്കുന്നത്. അതിനാല്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.