Education
ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം വിളിക്കാമെന്ന് വിസി

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല വിസി ഡോ.മഹാദേവന്‍ പിള്ള. സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11 നുള്ളില്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചിരുന്നു. സെനറ്റ് പിരിച്ചുവിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്‍റെ പ്രതിനിധിയെ നല്‍കാനാവശ്യപ്പെട്ടപ്പോള്‍, ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തില്‍ എന്ത് നടപടിയെടുത്തെന്നു മറുചോദ്യമുന്നയിച്ച കേരള സര്‍വകലാശാലാ വി.സി ഡോ.മഹാദേവന്‍ പിള്ളയ്ക്ക് താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തുവന്നിരുന്നു.
സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാന്‍സലറുടെ ഉത്തരവാണെന്നും അനുസരിച്ചേ മതിയാവൂ എന്നും ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ വി.സിക്ക് മറുപടിക്കത്ത് നല്‍കിയിരുന്നു. പ്രതിനിധിയെ നല്‍കിയാലും ഇല്ലെങ്കിലും സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് അയച്ച അഞ്ചാമത്തെ കത്തായിരുന്നിത്.
ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്റ്റാന്‍ഡിംഗ് കോണ്‍സിലിന്റെ നിയമോപദേശം സഹിതം വി.സി തിങ്കളാഴ്ച കത്ത് നല്‍കിയിരുന്നു. സെര്‍ച്ച്കമ്മിറ്റി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും വി.സിയുടെ ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി നല്‍കില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാനാവില്ലെന്നായിരുന്നു നേരത്തെ വിസിയുടെ നിലപാട്. ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബര്‍ 26 ന് മുന്‍പ് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫിസ് കേരള വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഗവര്‍ണര്‍ ഏകപക്ഷീയമായി സേര്‍ച് കമ്മിറ്റി രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ക്കുന്നതിനു പ്രസക്തിയില്ലെന്ന നിലപാടാണ് വിസി രാജ്ഭവനെ അറിയിച്ചിരുന്നത്.അതിൽ നിന്നൊരു പിന്മാറ്റമാണ് ഇപ്പോൾ വിസി നടത്തിയിരിക്കുന്നത്