Connect with us

Education

കെ.എസ്.ആര്‍.ടി.സി വിദ്യാർത്ഥികൾക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു.ഒരു ബസിൽപരമാവധി 25 പേർ

Published

on

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. നിയന്ത്രണമേര്‍പ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇതില്‍ക്കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍. ആദ്യഘട്ടമെന്നനിലയില്‍ അഞ്ചല്‍കൊട്ടിയം റൂട്ടില്‍ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങി.
ഓരോ റൂട്ടിലുമുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാര്‍ഡുകള്‍ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാകും മുന്‍ഗണന. കാര്‍ഡ് വിതരണത്തില്‍മാത്രമാണ് നിയന്ത്രണമുള്ളത്. ബസില്‍ 25ലധികം വിദ്യാര്‍ഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുറവുള്ള റൂട്ടുകളില്‍ അര്‍ഹരായ വിദ്യാര്‍ഥികളില്‍ കുറേപേര്‍ക്ക് യാത്രാസൗജന്യം കിട്ടാതെ വരും. സ്വകാര്യബസുകള്‍കൂടിയുള്ളതിനാല്‍ ഇവര്‍ക്ക് യാത്രാസൗകര്യം കുറയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ യാത്ര സൗജന്യമാണ്. സ്വകാര്യബസുകളില്‍ നിശ്ചിതതുക നല്‍കേണ്ടതുണ്ട്.
സ്വകാര്യബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളില്‍, യാത്ര പൂര്‍ണമായും സൗജന്യമായ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാര്‍ഥികളെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പോകാന്‍ സ്വകാര്യബസുകാര്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതുകാരണം മറ്റുയാത്രക്കാര്‍ സ്വകാര്യബസുകളിലേക്ക് മാറി.
ചില ട്രിപ്പുകളില്‍ വരുമാനം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ നഷ്ടം കടുത്തസാഹചര്യത്തിലാണ് പകുതിസീറ്റുകള്‍മാത്രം വിദ്യാര്‍ഥികള്‍ക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ആര്‍.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്‌മെന്റിനുമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുന്നു.
നിലവില്‍ സര്‍ക്കാര്‍നിര്‍ദേശപ്രകാരമാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് പലതവണ കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുമാത്രമായി സൗജന്യം നിയന്ത്രിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അവസാനകാലത്താണ് പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കാര്‍ഡിനുള്ള തുകമാത്രമാണ് വാങ്ങുന്നത്. അഞ്ചരലക്ഷം കണ്‍സെഷന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്

Continue Reading