Crime
ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി.മുഖ്യമന്ത്രി മകള്‍ വീണ, തുടങ്ങിയവർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം

തിരുവനന്തപുരം :കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയിരുന്നെന്ന വെളിപ്പെടുത്തലുകളുള്‍പ്പെടെയുള്ള പുസ്തകമാണ് സ്വപ്നയുടെ പേരില്‍ പുറത്തിറങ്ങുന്നത്. താന്‍ ശിവശങ്കറിന്റെ പാര്‍വതിയായിരുന്നു. ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹമെന്നും സ്വപ്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. താലി കെട്ടിയ ശേഷം ശിവശങ്കര്‍ നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്ന് വാക്കു തന്നിരുന്നുവെന്നും സ്വപന പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകള്‍ സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്കെതിരെയും പുസ്തകത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു നിശബ്ദ സന്ദേശത്തിന്റെ കാര്യവും പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ, സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദ സന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ ഡി എഫിന് തുടര്‍ഭരണം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്. വളരെ ഗുരുതരമായ ആരോപണമാണ് പുസ്തകത്തിലൂടെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.
തുടര്‍ഭരണം ലഭിക്കേണ്ടത് ഈ സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. തുടര്‍ഭരണം കിട്ടിയില്ലെങ്കില്‍ കേസന്വേഷണത്തിന്റെ രീതി മാറുമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഓഡിയോ റെക്കോര്‍ഡ് ചെയ്യിപ്പിച്ചതെന്നും സ്വപ്ന സുരേഷ് പറയുന്നുണ്ട്. എന്നാല്‍ പുസ്തകത്തില്‍ ആര്‍ക്കെതിരെയും ലൈംഗിക ആരോപണം ഒന്നുമില്ലെന്നും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖവ്യക്തി മാത്രമാണ് വാട്‌സാപ്പിലൂടെ ലൈംഗിക താത്പര്യത്തോടെ സംസാരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ രേഖകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നുണ്ട്. വലിയ വിവാദങ്ങളോടെ പുറത്തിറങ്ങുന്ന പുസ്തകത്തിലെ താളുകള്‍ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതും.