Crime
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ല. ഇത്തരത്തിലുള്ള ടൂറിസ്റ്റ് ബസുകളുടെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹൈകോടതി

കൊച്ചി: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഒന്നിലധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ചട്ടമുള്ളതാണ്. അത് ലംഘിച്ചാണ് മുന്നോട്ടേക്ക് പോകുന്നത്. ഇത്തരം വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ല. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ പൊതുനിരത്തില്‍ അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത്രയധികം ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം. മോട്ടോര്‍ വാഹനവകുപ്പും പോലീസും രാത്രികാല പരിശോധന ശക്തമാക്കണം. എം.വി.ഡിക്ക് സഹായം വേണ്ടിവന്നാല്‍ പോലീസ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.