Connect with us

KERALA

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഒക്ടോബർ 20ലേക്ക് മാറ്റി

Published

on

തിരുവനന്തപുരം :യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഒക്ടോബർ 20ലേക്ക് മാറ്റി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്. യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.

കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി, പേട്ടയിൽ താമസിക്കുന്ന അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു.

പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. യുവതി പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസ് പറഞ്ഞിരുന്നത്.

Continue Reading