Crime
ഇലന്തൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പിനിടെ അസ്ഥിയുടെ കഷ്ണം കണ്ടെത്തി

പത്തനംതിട്ട : നരബലിക്കേസിലെ പ്രതികളുമായി ഇലന്തൂരിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പിനിടെ അസ്ഥിയുടെ കഷ്ണം കണ്ടെത്തി.പൊലീസ് കാട് വെട്ടിത്തെളിച്ച് പരിശോധിക്കുകയാണ്. വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തു കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. ഇതിന് സമീപം വെച്ചാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോയെന്ന് പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തിന് കൈമാറും.
മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ കഡാവർ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്. ഇവിടേയ്ക്കു മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായ്ക്കൾ സ്ഥലത്തുണ്ട്.
നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞൾ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലായാണ് കൊലപാതകങ്ങൾ നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്ടിൽ എത്തിച്ചത്. സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോൾ കോൺഗ്രസ് ,ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.