KERALA
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി ആന്റണി രാജുവിന്റെ വസതിയായ മൻമോഹൻ ബംഗ്ലാവിലുമായി 40 ലക്ഷം രൂപയുടെ ശുദ്ധജല ബിൽ കുടിശിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി ആന്റണി രാജുവിന്റെ വസതിയായ മൻമോഹൻ ബംഗ്ലാവിലുമായി 40 ലക്ഷം രൂപയുടെ ശുദ്ധജല ബിൽ കുടിശിക. ഇതിലും കൂടുതലാണ് ആകെ കുടിശിക. ഒറ്റത്തവണ തീർപ്പാക്കൽ ഇളവിലൂടെ ജല അതോറിറ്റി തുക കുറച്ചു നൽകിയതോടെയാണ് 40 ലക്ഷമായി കുറഞ്ഞത്.
പണം അടയ്ക്കാത്തതിനെ തുടർന്ന്, മന്ത്രി മന്ദിരങ്ങളുടെ നടത്തിപ്പു ചുമതലയുള്ള ടൂറിസം വകുപ്പിന് ജല അതോറിറ്റി നോട്ടീസ് നൽകിയപ്പോഴാണ് ഇളവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കുടിശികയാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
1878.20 കോടി രൂപയാണ് അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ളത്. ഇതിൽ 216.25 കോടി രൂപ മാത്രമാണ് പൊതുജനങ്ങൾ കുടിശിക വരുത്തിയത്. ബാക്കി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവ നൽകാനുള്ളതാണ്.
161 കോടി രൂപ കുടിശിക വരുത്തിയ ആരോഗ്യ വകുപ്പാണ് പണമടയ്ക്കാത്ത വകുപ്പുകളുടെ പട്ടികയിൽ ഒന്നാമത്. മൂന്നരക്കോടി നൽകാനുള്ള കെഎസ്ഇബിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമത്. 964 കോടിയാണ് തദ്ദേശ സ്ഥാപനങ്ങൾ വരുത്തിയ കുടിശിക.
പൊലീസ് വകുപ്പു മാത്രം 13.81 കോടി രൂപ കുടിശിക വരുത്തി. എല്ലാ വകുപ്പു മേധാവികൾക്കും ജല അതോറിറ്റി പണം ആവശ്യപ്പെട്ട് കത്തു നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.