KERALA
ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി

കണ്ണൂർ; കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്‍റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും വിയോഗത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ആത്മ ബന്ധമുണ്ടായിരുന്ന ഒരു ജേഷ്ഠ സഹോദരനായിരുന്നു സതീശൻ പാച്ചേനി എന്ന് ഹൈബി ഈഡന്‍. അദ്ദേഹത്തിന്‍റെ വിയോഗം വേദനാജനകമാണ്. ഞാൻ കോളെജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഞാൻ കെ എസ് യു സംസ്ഥാന പ്രസിഡന്‍റായ കാലത്ത് അദ്ദേഹം, കെ എസ് യു വിന്‍റെ ചാർജുള്ള കെ പി സി സി സെക്രട്ടറി ആയിരുന്നു. സതീശൻ പാച്ചേനിയെ പറ്റി പറയുമ്പോൾ, ഏറ്റവും കൂടുതൽ പറയേണ്ടതും “കെ എസ് യു” എന്ന് തന്നെയാണെന്നും അദ്ദേഹം ഓർത്ത് പറഞ്ഞു.
ഉൾക്കൊള്ളാൻ കഴിയാത്ത വിയോഗ വർത്തയാണ് സതീശൻ പാച്ചേനിയുടേത് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റും കോൺഗ്രസ്സിലെ സൗമ്യ മുഖവുമായിരുന്ന പ്രിയ സുഹൃത്ത് സതീശൻ പാച്ചേനിക്ക് വിടയെന്ന് പി ജയരാജന്‍ അനുശോചിച്ചു.
രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്ന് എ കെ ശശീന്ദ്രന്‍ അനുശോചിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.