Connect with us

Crime

മോഷണത്തിന് മുൻപ് നടയിൽ തൊട്ടുതൊഴുതു.ശ്രീകോവിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ

Published

on

അരൂർ: ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ കള്ളൻ പോലീസിന്റെ പിടിയിൽ. അമ്പലപ്പുഴ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിക്ക് ചാർത്തുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് രാജേഷ് കവർന്നത്. അഞ്ചരപ്പവൻ തൂക്കം വരുന്ന കിരീടം, മൂന്നു പവന്റെ നെക്ലേസ്, ഒന്നരപ്പവന്റെ കുണ്ഡലം എന്നിവയാണ് നഷ്ടമായതെന്ന് ദേവസ്വം പ്രസിഡന്റ് എം.വി. സുരേന്ദ്രൻ പറഞ്ഞിരുന്നു.

നേരത്തെ മോഷണത്തിന് മുൻപ് നടയിൽ തൊട്ടുതൊഴുത് പ്രാർത്ഥിക്കുന്ന രാജേഷിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രാർത്ഥിച്ച ശേഷമാണ് മോഷണം നടത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് അമ്പലപ്പുഴയിൽ നിന്ന് രാജേഷ് അരൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 12.55-നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. മോഷണത്തിനെത്തിയ രാജേഷ് കാവിമുണ്ടും നീല ഷർട്ടും ധരിച്ചെത്തിയ മോഷ്ടാവ് മുഖംമൂടിയും ധരിച്ചിരുന്നു.

ദീപാരാധന സമയത്ത് ചാർത്തുന്ന ഇവ അത്താഴ പൂജയോടെ അഴിച്ച് ശ്രീകോവിലിനുള്ളിലെ പലകയിൽ വെച്ച് മടങ്ങുകയാണ് പതിവ് രീതി. ക്ഷേത്രവളപ്പിലെ ശാന്തിമഠത്തിൽ താമസിക്കുന്ന കഴകക്കാരനും മാല കെട്ടുകാരനുമാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. പുലർച്ചെ എഴുന്നേറ്റപ്പോൾ തെക്കുഭാഗത്തെ നാലമ്പല വാതിൽ തുറന്നുകിടക്കുന്നത് കണ്ട ഇവർ മേലധികാരികളെ വിവരം അറിയിച്ചു. ശേഷം, ക്ഷേത്രഭാരവാഹികൾ സ്ഥലത്തെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ താഴ് തകർത്ത് സ്വർണ ഉരുപ്പടികൾ മോഷ്ടിച്ചതായി മനസ്സിലായത്.

Continue Reading