Crime
തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം . തടിയൂരി സി.പി.എം കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു സി.പി.എമ്മുകാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പുറത്തായതോടെയാണ് വിവാദമായത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയർന്നപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
