Crime
മേയറുടെ കത്ത് വിവാദം: ‘അന്വേഷിച്ചാല്‍ മത്രം മതി’ എന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തു കേസില്‍ ക്രൈംബ്രാഞ്ചിന് ഡിജിപി അനില്‍കാന്ത് നല്‍കിയ നിര്‍ദേശം ‘അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുക’ (എന്‍ക്വയര്‍ ആന്‍ഡ് റിപ്പോര്‍ട്ട്) എന്നു മാത്രം. എസ്പി എസ്.മധുസൂദനന് ഈ നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കൈമാറിയിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടില്ല.
റജിസ്റ്റര്‍ എ കേസ് ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റ്’ എന്നു കൃത്യമായി നിര്‍ദേശിക്കാത്തതിനാല്‍, പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പെറ്റി കേസുകളുടെ അന്വേഷണ സ്വഭാവം മാത്രമാകും മേയറുടെ പരാതിയിന്മേലുള്ള അന്വേഷണത്തിലുണ്ടാകുക. സംഭവത്തില്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കു ബന്ധമുണ്ടെന്ന് ആരോപണം ശക്തമാണെന്നതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത് പാര്‍ട്ടിക്കു ദോഷകരമായേക്കും.
ഇതു കണക്കിലെടുത്തുള്ള ഉന്നതതല സമ്മര്‍ദം മൂലമാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രം നിര്‍ദേശിച്ചതെന്നു സംശയിക്കുന്നു. എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിയും എസ്‌ഐയും ഉള്‍പ്പെടെ അഞ്ചംഗ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരുടെയും ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും മൊഴി രേഖപ്പെടുത്തും. ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ ഓഫിസിലും മറ്റും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുക്കാനോ നിലവില്‍ നിര്‍ദേശമില്ല. സംഭവത്തില്‍ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയോ കേസ് റജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുമില്ല.
ഈ സാഹചര്യത്തില്‍, ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന അന്വേഷണം പൂര്‍ത്തിയായശേഷമേ തുടര്‍നടപടിക്കു സാധ്യതയുള്ളൂ. അന്വേഷണത്തിനു സമയപരിധി നിശ്ചയിട്ടുണ്ടോയെന്നു വ്യക്തമല്ലാത്തതിനാല്‍ അന്വേഷണം എത്രവേണമെങ്കിലും നീളാം.
വ്യാജരേഖ ചമച്ചതാണെന്നോ മറ്റോ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മാത്രം ക്രൈംബ്രാഞ്ചിനു കേസ് റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അതിനും സര്‍ക്കാരിന്റെയും ക്രൈംബ്രാഞ്ച് മേധാവിയുടെയും അനുമതി വേണം.
