Crime
കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റില്‍

ന്യൂഡൽഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റില്‍. അഫ്‌താബ് അമീന്‍ പൂനവാലയാണ് അറസ്റ്റിലായത്. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്.
മെയ് 18-നാണ് സംഭവം നടന്നത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അഫ്‌താബ് പൊലീസിനോടു പറഞ്ഞു. മൃതദേഹം 35 കഷണങ്ങളായി വെട്ടിനുറുക്കിയ പ്രതി, പതിനെട്ട് ദിവസംകൊണ്ട് നഗരത്തിലെ 18 ഇടങ്ങളിലായാണ് ശരീരഭാഗങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയില്‍ നിന്നും ഡല്‍ഹിയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി.
മകളുടെ യാതൊരു വിവരവും ലഭിക്കാതായതോടെ ശ്രദ്ധയുടെ പിതാവ് നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ മകളെ കാണാന്‍ ഇവരുടെ ഫ്ളാറ്റില്‍ എത്തി. എന്നാല്‍ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം മെഹ്‌റൗലി പൊലീസില്‍ പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അഫ്താബിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചു.