Crime
പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി.
ഡപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ, പ്രവൃത്തി പരിചയരേഖ സ്‌ക്രൂട്ടിനി കമ്മിറ്റിയില്‍ സമര്‍പ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ എങ്ങനെയാണു സ്‌ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നു കണ്ണൂര്‍ സര്‍വകലാശാലയോടു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അസോഷ്യേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. റജിസ്ട്രാറുടെ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വര്‍ഗീസിനെ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹര്‍ജി അപക്വമാണെന്നും ഹര്‍ജി തള്ളണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു.
രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രിയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രിയാ വര്‍ഗീസിന്റെ നിയമനം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും മരവിപ്പിച്ചിരുന്നു.