HEALTH
ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി തിരിച്ചെത്തി

തിരുവനന്തപുരം: ജർമ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ആരോഗ്യവാനാണെങ്കിലും കുറച്ചു നാൾ കൂടി പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
നവംബർ ആറിനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. ലേസർ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കി.മക്കളായ മറിയയ്ക്കും ചാണ്ടി ഉമ്മനും ഒപ്പം ബെന്നി ബഹനാൻ എം.പിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളളതാണ് ചാരിറ്റി ആശുപത്രി. 11 നോബൽ സമ്മാന ജേതാക്കൾ ഇവിടെ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്.