Crime
ആനാവൂർ കത്തെഴുതിയത് പാർട്ടിയിലെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ

തിരുവനന്തപുരം :തൈക്കാട്ടെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് പാർട്ടിയിലെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ. ജോലി ലഭിച്ച ജെ.എസ്.കിരണ്‍ കാട്ടാക്കട മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്. ജൂനിയർ ക്ലർക്കായിട്ടാണ് കിരണിന്റെ നിയമനം.
സഹകരണ സംഘത്തിൽ 3 പേരെ നിർദേശിക്കാൻ അറിയിച്ചുകൊണ്ടുള്ള ആനാവൂരിന്റെ കത്ത് ഇന്നലെയാണ് പുറത്തുവന്നത്. 2021 ജൂലൈ 6നാണ് ജില്ലാ മർക്കന്റൈൽ സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാർട്ടികാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർപാഡിൽ ആനാവൂർ നാഗപ്പൻകത്തു നൽകിയത്.
ജൂനിയർ ക്ലർക്കുമാരായി വി.എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവരെയും ഡ്രൈവറായി ആർ.എസ്.ഷിബിൻ രാജിനെയും നിയമിക്കണമെന്നും അറ്റൻഡർ തസ്തികയിലേക്കു തൽക്കാലം നിയമനം വേണ്ടെന്നുമായിരുന്നു ആനാവൂരിന്റെ നിർദേശം.