Crime
കാസർക്കോഡെ മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: വാഹനത്തിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്.ഡിംപലിന്‍റെ സുഹൃത്തായ വിവേകിന്‍റെ വാഹനത്തിൽ വച്ചാണ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
ഡിംപലും മറ്റു പ്രതികളും ചേര്‍ന്നാണ് പീഡനത്തിന് ഇരയായ മോഡലിനെ ബാറില്‍ എത്തിക്കുന്നത്. തേവരയിലെ ഹോട്ടല്‍ പാര്‍ക്കിംഗില്‍ മോഡല്‍ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികള്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റുമ്പോള്‍ ഡിംപല്‍ വാഹനത്തില്‍ കയറിയിരുന്നില്ല.
45 മിനിറ്റ് നഗരത്തില്‍ കറങ്ങിയ ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയാണ് ഡിംപലിനെ വണ്ടിയിൽ കയറുന്നത്. കളമശേരി മെഡിക്കല്‍ കൊളെജില്‍ ചികിത്സയിൽ തുടരുന്ന മോഡലില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും ഇവരും പരിചയക്കാരാണ്.
കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി ഇവര്‍ മദ്യപിച്ചു . എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യ ലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കൾ ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.
രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ബലാത്സംഗത്തിന് കൂട്ടുനിന്നു എന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്