NATIONAL
ഹഥ്രസ് കുടുംബം അസൗകര്യം അറിയിച്ചു ഇടതുപക്ഷ എം.പി മാരുടെ യാത്ര മാറ്റി

ന്യൂഡൽഹി: ഹഥ്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള ഇടതുപക്ഷ എം.പി മാരുടെ യാത്ര മാറ്റിവച്ചു.പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കാണാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന യാത്ര എം.പിമാർ മാറ്റിവച്ചത്. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം. വി ശ്രേയാംസ് കുമാർ ഉൾപ്പെടെ സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി പാർട്ടികളുടെ എം.പിമാരാണ് ഹഥ്രസ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ജില്ലാ കളക്ടറുമായും, ജില്ലാ പോലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്താനും നേതാക്കൾ തീരുമാനിച്ചിരുന്നു.സന്ദർശനത്തിന് ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചിരുന്നു.