International
ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് സൗദി

ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള അർജന്റിന ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം കുറിച്ച് സൗദി അറേബ്യ.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ലയണല്‍ മെസ്സി എട്ടാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.
നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ബോൾ പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു ഇത്. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.
അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.