International
തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. എതിരില്ലാത്ത രണ്ടു ഗോളാണ് അർജന്റീന നേടിയത്

ദോഹ: ആദ്യമത്സരത്തിൽ സൗദിയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി ക്യാപ്ടൻ ലിയോണൽ മെസിയാണ് അർജന്റീനയുടെ വിജയശില്പി. എൻസോ ഫെർണാണ്ടസാണ് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ നേടിയത്.
ആദ്യപകുതിയിൽ തിളക്കം മങ്ങിയ അർജന്റീന രണ്ടാം പകുതിക്ക് ശേഷമാണ് ഉണർന്നുകളിച്ചത്. ഇതിനിടെ പലതവണ ഗോളെന്നുറപ്പിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീനയ്ക്കായില്ല. പല മുന്നേറ്റങ്ങലും മെക്സിക്കൻ പ്രതിരോധത്തിൽ തട്ടിതകർന്നു, മെക്സിക്കോയുടെ പരുക്കൻ അടവുകളും ഗോൾ നേടുന്നതിന് വെല്ലുവിളിയായി. 64ാം മിനിട്ടിലായിരുന്നു അർജന്റീനയുടെ ആദ്യഗോൾ പിറന്നത്. മെസിയുടെ ഇടങ്കാൽ ഷോട്ട് ഓച്ചോവയെയും കടന്ന് ഗോൾവല കുലുക്കി. ഒരു ഗോൾ നേടിയ ശേഷം അർജന്റീനൻ മുന്നേറ്റ നിര ഉണർന്നു കളിച്ചു. ഇതിന്റെ ഫലവും ഉണ്ടായി. 87ാം മിനിട്ടിൽ മെസിയുടെ അസിസ്റ്റിൽ എൻസോ രണ്ടാം ഗോളും നേടി.ആദ്യമത്സരത്തിൽ തോറ്റ അർജന്റീന ഇന്നത്തെ ജയത്തോടെ മൂന്നു പോയിന്റ് സ്വന്തമാക്കി പോയിന്റ് നിലയിൽ രണ്ടാമതെത്തി. നാലുപോയിന്റുമായി പോളണ്ടാണ് ഒന്നാമത്.