Crime
ഹോംനഴ്സിനെ നടുറോഡിൽവെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.

തിരുവനന്തപുരം : മദ്ധ്യവയസ്‌കയായ ഹോംനഴ്സിനെ നടുറോഡിൽവെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂർക്കടയ്ക്കടുത്ത് വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ച് നന്ദിയോട് പച്ച പയറ്റടി തടത്തരികത്ത് വീട്ടിൽ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പൂജപ്പുര ജില്ലാ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ പാലോട്ടുള്ള ബന്ധുവീട്ടിൽ നിന്ന് വഴയിലയിൽ ബസിറങ്ങി ഹോം നഴ്സായി ജോലി നോക്കുന്ന വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് സിന്ധുവിനെ ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. ബാഗിൽ കരുതിയിരുന്ന വെട്ടുക്കത്തികൊണ്ട് കഴുത്തിലും തലയിലും തുടർച്ചയായി വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികൾ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ എൽപ്പിക്കുകയായിരുന്നു.ഭാര്യയും കുട്ടികളുമുള്ള രാജേഷ് ഭർത്താവ് ഉപേക്ഷിച്ച സിന്ധുവിനൊപ്പം നന്ദിയോട് പച്ചയിൽ വാടകവീട്ടിലായിരുന്നു താമസം. സിന്ധുവിന് ഒരു മകളുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞതോടെ ആറുമാസം മുമ്പ് സിന്ധു ബന്ധത്തിൽ നിന്ന് പിന്മാറിയെങ്കിലും രാജേഷ് തയ്യാറായില്ല. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവുമുണ്ടായിരുന്നു. അതിനിടെ സിന്ധു സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി ഉണ്ടായിരുന്ന അമ്മയ്‌ക്കൊപ്പം ചെറുപ്പകാലത്ത് ഇവിടെ സ്റ്റാഫ് ക്വർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് രാജേഷ് സിന്ധുവിനെ പരിചയപ്പെടുന്നത്. തുടർന്ന്പന്ത്രണ്ടു വർഷം ഒരുമിച്ച് താമസിച്ചശേഷം വേർപിരിഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.