Connect with us

HEALTH

വിമാനത്താവളങ്ങില്‍ പരിശോധന തുടങ്ങി, പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

Published

on

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും. അതേസമയം ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് യോഗം വിളിച്ചു.
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കുക. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.
കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രത കര്‍ശനമാക്കാന്‍ നടപടികള്‍ തുടങ്ങി. കൊവിഡ് വ്യാപനം നേരത്തെ രൂക്ഷമായിരുന്ന ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അടിയന്തിര യോഗം വിളിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ മാസം ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് രോഗം ഭേദമായെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് അമേരിക്കന്‍ യാത്രാ പശ്ചാത്തലമുണ്ട്.
പന്ത്രണ്ടായിരത്തിലധികം കിടക്കകള്‍ തയാറാക്കിയെന്ന് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരോട് സജ്ജരായിരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അതിതീവ്ര വ്യാപന ശേഷിയുള്ള ഉപവകഭേദമായ ബിഎഫ് 7 ഒരാളില്‍നിന്നും 18 പേരിലേക്ക് വരെ രോഗം പടര്‍ത്താന്‍ ശേഷിയുള്ളതാണ്. ചൈന കൂടാതെ യു.കെ, അമേരിക്ക,ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഈ വകഭേദമാണ്. സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ കൂടാതെ ഛര്‍ദിയും വയറിളക്കവും ഈ വൈറസിന്റെ ലക്ഷണങ്ങളാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രതയിലാണ് . ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് നിര്‍ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറില്‍ ഇതുവരെ 1431 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 51 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതിനിടെ ചൈനയില്‍ കൊവിഡ് ബാധിച്ചവരെക്കൊണ്ട് ആശുപത്രികള്‍ നിറയുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി

Continue Reading