Connect with us

HEALTH

കോവി ഡ് :രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു

Published

on

ന്യൂഡൽഹി: ചൈനയിൽ അതിവേഗം പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ ബി.എഫ്- 7 ഇന്ത്യയിൽ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുച്ചയ്ക്കാണ് യോഗം ചേരുന്നത്. കൊവിഡ് ആശങ്ക വീണ്ടും വർദ്ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനും സാദ്ധ്യതയുണ്ട്.
യു എസിൽ നിന്ന് ഗുജറാത്തിലെ വഡോദരയിൽ എത്തിയ ഇന്ത്യൻ വംശജ, വിദേശത്തുനിന്ന് അഹമ്മദാബാദിൽ തിരിച്ചെത്തിയ പുരുഷൻ എന്നിവരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി. ഒമിക്രോൺ ബി എ 5ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിൻ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ല ഇതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലടക്കം കൊവിഡ് കേസുകൾ വ‌ർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. മികച്ച കരുതൽ നടപടികൾ കൊണ്ട് രോഗവ്യാപനം ചെറുക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. വിദേശത്തുനിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. യാത്രക്കാരിലൊരാൾക്ക് കൊവിഡ് പോസിറ്റീവ് ആയാൽ തുടർന്ന് മറ്റെല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.പോസിറ്റീവ് സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇൻസാകോഗ് ലാബുകളിലേക്കയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്താകെ 38 ലാബുകൾ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് അയയ്ക്കണം. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശമുണ്ട്.

Continue Reading