NATIONAL
സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരിൽ എത്തിച്ചു

പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരിൽ എത്തിച്ചു. ഇന്ന് രാവിലെ മാത്തൂർ എ യു പി സ്കൂളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. പതിനൊന്നുമണിയോടെ തിരുവില്വാമല ഐവർ മഠത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഇന്നലെ കോയമ്പത്തൂർ വിമാനത്താവളം വഴി എത്തിച്ച മൃതദേഹം വാളയാർ അതിർത്തിയിലൂടെ റോഡുമാർഗമാണ് വീട്ടിലെത്തിച്ചത്. വാളയാറിൽ മന്ത്രി എം ബി രാജേഷ്, വി കെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എം എൽ എ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാത്രിമുഴുവൻ വീട്ടിൽ പൊതുദർശനത്തിന് സൂക്ഷിക്കുകയായിരുന്നു. നാടിന്റെ പ്രിയസൈനികനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് വീട്ടിൽ എത്തിച്ചേർന്നത്.വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ഭാര്യ: ഗീതു. മകൻ: ഒന്നര വയസുളള തൻവിക്. സഹോദരി: ശ്രുതി.