Connect with us

NATIONAL

സങ്കല്‍പത്തിലെ ജീവിതസഖി ഇങ്ങിനെയായിരിക്കണം. മനസ് തുറന്നു രാഹുൽ ഗാന്ധി

Published

on

നൂഡൽഹി:തന്റെ സങ്കല്‍പത്തിലെ ജീവിതസഖിയെപ്പറ്റി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു തുറന്നുപറച്ചില്‍. മുത്തശ്ശി ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള സംസാരമാണ് തന്റെ സങ്കല്‍പ്പത്തിലെ ജീവിതസഖിയെക്കുറിച്ച് തുറന്നുപറയിച്ചത്. ആദ്യമായിട്ടാണ് രാഹുല്‍ഗാന്ധി വിവാഹത്തെക്കുറിച്ച് പറയുന്നത്.

ജീവിതത്തിലെ സ്‌നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാല്‍ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുല്‍ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്. മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ചോദ്യം. ചെറിയചിരിയോടെ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ, അമ്മൂമ്മയുടെ സ്വഭാവമഹിമകള്‍ക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങള്‍ കൂടി ഇടകലര്‍ന്നു ശോഭിക്കുന്ന വനിതയായാല്‍ വളരെ നന്നായി.

തന്റെ ഇഷ്ട വാഹനങ്ങളെക്കുറിച്ചും രാഹുല്‍ഗാന്ധി മനസു തുറന്നു. സ്വന്തം ഊര്‍ജം കൊണ്ട് സൈക്കിള്‍ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാള്‍ ഇഷ്ടപ്പെടുന്നത്. മുന്തിയ സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളധികം സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയില്‍ കാണുന്ന ഒരാളാണു താനെന്നും രാഹുല്‍ പറഞ്ഞു. പപ്പു എന്ന വിളിയില്‍ പരിഭവമില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവര്‍ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading