Crime
എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. പോലീസിനെ സംശയം

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയമുയർന്നത്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു എൻ.ഐ.എയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇത് പോലീസിൽ നിന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻ.ഐ.എ. വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് സി.ആർ.പി.എഫിന്റെ പിന്തുണയോടു കൂടിയാണ് എൻ.ഐ.എ. സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പോലീസിൽ വിവരം അറിയിച്ചു കൊണ്ട് അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് ഇക്കാര്യത്തിൽ ചോർച്ച ഉണ്ടായിട്ടുള്ളത്.ജില്ലയിൽ മൂന്നിടങ്ങളിൽ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കൾ സ്ഥലത്തുനിന്നും കടന്നിരുന്നു.
അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻ.ഐ.എ. സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പി.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നയാളുമായ സജീറിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം.