NATIONAL
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി ശരിവെച്ച് സുപ്രീം കോടതി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരും ഗവായിയുടെ നിലപാടിനോട് യോജിച്ചു. എന്നാല്‍, ഭിന്നവിധിയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ബി.വി. നാഗരത്നയുടേത്.നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയിയോട് യോജിച്ചു.
ഗവായിയുടെ വിധിയില്‍നിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്‌നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ പറയുന്നു.