Connect with us

NLP News

വിമാനത്തില്‍ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിച്ചു

Published

on

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.

യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.

ഡല്‍ഹിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. ഇതിന് ശേഷമാണ് എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്. നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരിയോട് മോശമായി പെരുമാറിയ പുരുഷ യാത്രക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണെന്നും എയര്‍ ഇന്ത്യ കേന്ദ്ര വ്യോമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തില്‍ പൊലീസിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. സംഭവമുണ്ടായ ഉടന്‍ തന്നെ വിമാനജീവനക്കാര്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവരം പൈലറ്റിനെ അറിയിച്ചു. മോശമായി പെരുമാറിയ യാത്രക്കാരനെ മാറ്റിയിരുത്തുകയും, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് സീനിയര്‍ എയര്‍ലൈന്‍ കമാന്‍ഡര്‍ പറഞ്ഞു.

സംഭവത്തില്‍ ഡിജിസിഎ ( ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി. എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ സ്വീകരിക്കേണ്ട നടപടിയില്‍ തീരുമാനമെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു

Continue Reading