Connect with us

Gulf

ദുബൈ കെഎംസിസി സുരക്ഷാ സ്‌കീം: ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. സ്‌കീം അംഗമായിരിക്കെ മരിച്ചാല്‍ ഇനി 10 ലക്ഷം

Published

on

ദുബൈ: പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ-സാംസ്‌കാരിക പ്രസ്ഥാനമായ കെഎംസിസി ദുബൈ കമ്മിറ്റിയുടെ സുരക്ഷാ സ്‌കീം ധനസഹായ തുക 10 ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷാ സ്‌കീം അംഗമായിരിക്കെ മരിച്ചാല്‍ ഇതു വരെ 5 ലക്ഷം രൂപയായിരുന്നു മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്നത്. ഇനി ഈ തുക 10 ലക്ഷമായി നല്‍കും. സ്‌കീം അംഗമായിരിക്കെ മരിച്ചാല്‍ മാത്രമല്ല, 15 വര്‍ഷം പൂര്‍ത്തിയായവര്‍ ജോലിയില്‍ നിന്നും ക്യാന്‍സലായാല്‍ ഒരു ലക്ഷം രൂപ വരെ ധനസഹായമായി നല്‍കുന്നതാണ്.
ഇതനുസരിച്ച്, സുരക്ഷാ സ്‌കീമില്‍ അംഗമായി 30 ദിവസം പൂര്‍ത്തിയായ ശേഷം മരിക്കുകയും 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാതിരിക്കുകയും ചെയ്ത അംഗത്തിനാണ് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുക. ഇതിനാവശ്യമായ മുഴുവന്‍ രേഖകളോടും കൂടി അപേക്ഷ സമര്‍പ്പിച്ച് 120 ദിവസത്തിനുള്ളില്‍ തുക നല്‍കുന്നതാണ്.
പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപയും, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികഞ്ഞവര്‍ക്ക് 75,000 രൂപയും, 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികയാത്തവര്‍ക്ക് 50,000 രൂപയും, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ് തികയാത്തവര്‍ക്ക് 25,000 രൂപയും, 5 മുതല്‍ 10 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് 10,000 രൂപയും, മൂന്ന് മുതല്‍ 5 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 5,000 രൂപയും ക്യാന്‍സലേഷന്‍ ആനുകൂല്യമായി നല്‍കുന്നതാണ്. മുഴുവന്‍ രേഖകളോടും കൂടി അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്.
ഒരംഗം വിസ ക്യാന്‍സല്‍ ചെയ്ത് ക്യാന്‍സലേഷന്‍ ആനുകൂല്യം വാങ്ങാതെ നാട്ടില്‍ പോയാല്‍ ആറു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യം കൈപ്പറ്റേണ്ടതാണ്.
മേല്‍പ്പറഞ്ഞ എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല.
മരണാനന്തര ആനുകൂല്യത്തിന് 30 ദിവസവും ക്യാന്‍സലേഷന്‍ ആനുകൂല്യത്തിന് ചുരുങ്ങിയത് മൂന്നു വര്‍ഷവും ചികിത്സാ ആനുകൂല്യത്തിന് 90 ദിവസവും സ്‌കീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.
ഒരംഗം മരിച്ചാല്‍ മറ്റംഗങ്ങളില്‍ നിന്നും നിലവില്‍ ഈടാക്കി വരുന്ന നിശ്ചിത സംഖ്യ സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഗള്‍ഫിലെ ഒരു പ്രവാസ സംഘടന ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്.

പ്രവാസ സമൂഹത്തിന്റെ ഹൃദയമിടിപ്പുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് ദുബൈ കെഎംസിസി. കോവിഡ് 19 ഏറ്റവും തീവ്രമായ കാലയളവില്‍ സ്വന്തം ജീവന്‍ വക വെക്കാതെ ത്യാഗോജ്വലമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഒടുവിലായി ദുബൈ കെഎംസിസി നിര്‍വഹിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി (സിഡിഎ)യുടെയും ഔഖാഫ്-ഇസ്‌ലാമിക കാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ദുബൈ കെഎംസിസിയെ ദുബൈയിലെ ആറു ഔദ്യോഗിക ചാരിറ്റി പ്രസ്ഥാനങ്ങളിലൊന്നായി ദുബൈ ഗവണ്‍മെന്റ് അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. പ്രവാസികള്‍ക്ക് സഹായങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവുമാദ്യം ഓടിയെത്തി അത് നിര്‍വഹിച്ചു കൊടുത്തു കൊണ്ട് ചരിത്രത്തിലിടം നേടാന്‍ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്.

കോവിഡ് കാലയളവില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഏറ്റവും കൂടുതലായി നിര്‍വഹിച്ചത് കെഎംസിസിയാണ്. വിമാന സര്‍വീസ് അനുവദിക്കാനായി കേരള ഹൈക്കോടതിയില്‍ കേസ് നല്‍കിയതടക്കം പ്രവാസികള്‍ അവഗണിക്കപ്പെടുന്ന അവസരങ്ങളിലെല്ലാം സഹായ ഹസ്തവുമായി ദുബൈ കെഎംസിസി രംഗത്തെത്തിയിട്ടുണ്ട്. യുഎഇയിലെ പൊതുമാപ്പ് കാലയളവിലും മറ്റു നിരവധി സന്ദിഗ്ധ സന്ദര്‍ഭങ്ങളിലും പ്രവാസികളെ നാട്ടിലെത്തിക്കാനായി ദുബൈ കെഎംസിസി വിമാനം ചാര്‍ട്ടര്‍ ചെയ്തതടക്കം എണ്ണമറ്റ അനേകം മനുഷ്യ കാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലും അത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ ദുബൈ കെഎംസിസി തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജി, ഉപദേശക സമിതി അംഗം യഹ്‌യ തളങ്കര വെൽഫെയർ സ്കീം ചെയർമാൻ ഹുസൈനാർ ഹാജി എടച്ചാക്കൈ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി കെ ഇസ്മായിൽ ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി സീനിയർ സെക്രട്ടറി അഡ്വ സാജിദ് വെൽഫെയർ കൺവീനർ ഒ മൊയ്തു ഒ കെ ഇബ്രാഹിം , മുസ്തഫ വേങ്ങര |മറ്റു സംസ്ഥാന ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

Continue Reading