Crime
പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിന് നേരെ വധശ്രമം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊക്ളി അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഹാഷിമിന് നേരെയുണ്ടായ ആക്രമണം ഇതിന് തുടര്‍ച്ചയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ഹാഷിമിന്റെ മുതുകിലും കഴുത്തിലും കാലിലും അടിയേറ്റിട്ടുണ്ട്. കാലുകളുടെ പരുക്കാണ് ഏറെ ഗുരുതരം. വഴിയരികില്‍ ഹാഷിമിനെ കാത്തിരുന്ന സംഘം ഇരുമ്പുവടികള്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാഷിം അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കുറുമ്പക്കാട് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. പാനൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനു ഗുരുതരമായ പരുക്കുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
കോൺഗ്രസ് നേതാവിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് പാനൂരിൽ പ്രതിഷേധ പ്രകടനം നടക്കും.