Connect with us

Crime

ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ മർദ്ദിച്ചെന്ന് പരാതിപ്പെട്ട്  കെ.എസ്.ആർ.ടി.സി ജീവനക്കാർ പണംതട്ടിയെന്ന് പരാതി

Published

on

പമ്പ : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ മർദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീർപ്പ് നടത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ ചർച്ചകൾക്കൊടുവിൽ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിൻവലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.പമ്പ ഹിൽടോപ്പിൽ ബസിൽ യാത്രക്കാരെ കയറ്റുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും അയ്യപ്പൻമാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളായ അയ്യപ്പൻമാരെ തള്ളിയിട്ടതിനെ ഒപ്പമുണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ബഹളവും പ്രതിഷേധവുമുണ്ടായി. കെ.എസ്.ആർ.ടി.സി ബസിൽ ഭക്തരെ കയറ്റിവിടുന്ന ജോലി ചെയ്തിരുന്ന തേവള്ളി സ്വദേശിയായ കണ്ടക്ടറെ അയ്യപ്പൻമാർ മർദ്ദിച്ചതായി ജീവനക്കാർ ആരോപിച്ചു. തിരിച്ചറിയൽ കാർഡ് ഇല്ലാതെയാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തതെന്ന് അറിയുന്നു.പ്രതിഷേധിച്ച അയ്യപ്പൻമാരെ പമ്പ പൊലീസ് എത്തി സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടർ ഗവ.ആശുപത്രിയിൽ ചികിത്സതേടി. അയ്യപ്പന്മാർക്കെതിരെ കേസ് എടുക്കണമെന്നും ഇല്ലെങ്കിൽ പണിമുടക്കുമെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു. കേസെടുക്കരുതെന്ന് അയ്യപ്പൻമാർ പൊലീസിനോട് അഭ്യർത്ഥിച്ചു. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയപ്പോൾ ജീവനക്കാർ മൂന്ന് ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അയ്യപ്പൻമാർ ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്ന് സർവീസ് നടത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാദം.മൂന്നുലക്ഷം നൽകാൻ കഴിയില്ലെന്ന് അയ്യപ്പൻമാർ പറഞ്ഞു. ഒടുവിൽ 30,000 രൂപയിൽ ധാരണയായി. മർദ്ദനമേറ്റെന്ന് പറഞ്ഞ കണ്ടക്ടർക്ക് 25,000 രൂപ നൽകി. ബാക്കി മറ്റുള്ളവർ പങ്കിട്ടുവെന്നാണ് അറിയുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി അയ്യപ്പൻമാർ മർദ്ദിച്ചെന്ന രണ്ട് പരാതികളും കെ.എസ്.ആർ.ടി.സി ജീവനക്കാർ പമ്പ പൊലീസ് സ്റ്റേഷനിൽ നൽകി. പിന്നീട് ഒത്തു തീർപ്പ് ചർച്ച നടത്തി പരാതി പിൻവലിച്ചു. പരാതികൾക്ക് പിന്നിൽ ചെറിയൊരു സംഘമാണെന്നും എല്ലാവർക്കും പങ്കില്ലെന്നും ജീവനക്കാർക്കിടയിൽ സംസാരമുണ്ട്.

Continue Reading