Connect with us

HEALTH

വയനാട് മെഡിക്കല്‍ കോളജിനെ പിന്തുണച്ച് മന്ത്രി വീണാ ജോര്‍ജ്. തോമസിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോകുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്  കയറ്റിവിട്ടത്

Published

on

തിരുവനന്തപുരം :കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബം ആവര്‍ത്തിച്ച് ആരോപിക്കവേ, വയനാട് മെഡിക്കല്‍ കോളജിനെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തോമസിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോകുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കയറ്റിവിട്ടതെന്ന് വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രക്തം വാര്‍ന്നുപോയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് തോമസിന്റെ കുടുംബം ആരോപിച്ചത്.

വയനാട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോള്‍ ധാരാളം രക്തം വാര്‍ന്ന് പോകുന്ന സാഹചര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തോമസിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോകുന്നില്ലെന്ന് ഉറപ്പാക്കി. വൈറ്റല്‍സ് എല്ലാം രേഖപ്പെടുത്തി. വയനാട് മെഡിക്കല്‍ കോളജിലെ സര്‍ജന്മാര്‍ അടക്കം മുതിര്‍ന്ന ഡോക്ടര്‍മാരെല്ലാം തോമസിനെ പരിശോധിച്ചു. വിദഗ്ധ ചികിത്സയ്ക്ക് വാസ്‌കുലര്‍ സര്‍ജന്‍ കാണേണ്ടതുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതനുസരിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സാധ്യമായതെല്ലാം ചെയ്തതായും വീണാ ജോര്‍ജ് പറഞ്ഞു.

12.45 ഓടേ ആംബുലന്‍സില്‍ കയറ്റി. 108 ആംബുലന്‍സിലാണ് കയറ്റിയത്. നേഴ്സിന്റെ യോഗ്യതയുള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആംബുലന്‍സില്‍ വേണമെന്നാണ് വ്യവസ്ഥ. അത്തരത്തില്‍ ഒരു ജീവനക്കാരന്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

ശക്തമായ രക്തസ്രാവത്തെ തുടര്‍ന്ന് ഉണ്ടായ ഇന്റേണല്‍ ഷോക്കില്‍ നിന്നാണ് മരണം സംഭവിച്ചത് എന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തോമസിന്റെ മരണം ഏറെ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു.വയനാട് മെഡിക്കല്‍ കോളജിലെ സൗകര്യങ്ങളുടെ കുറവ് മന്ത്രി സമ്മതിച്ചു. നിലവില്‍ കാര്‍ഡിയോളജി വിഭാഗം ഇല്ല. കാര്‍ഡിയോളജി വിഭാഗം ഉടന്‍ സജ്ജമാക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Continue Reading