Connect with us

HEALTH

സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയും ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

Continue Reading