NATIONAL
വിലക്ക് അവഗണിച്ച് ഡോക്യുമെന്ററി പ്രദർശനം തുടങ്ങി

വിലക്ക് അവഗണിച്ച് ഡോക്യുമെന്ററി പ്രദർശനം തുടങ്ങി
തിരുവനന്തപുരം: പ്രധാനമന്ത്രിക്കതിരായ ബിബിസി ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഭരിക്കുന്ന സര്‍വകലാശാലകളില്‍ പ്രദര്‍ശനം. ഹൈദരബാദ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. നിരോധനം മറികടന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെയും തീരുമാനം. കേരളത്തില്‍ ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൗണ്‍ഹാളില്‍ ഡിവൈഎഫ്‌ഐയുടേ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തി.
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. പൊലീസ് സുരക്ഷയില്‍ ടൗണ്‍ഹാളിലാണ് പ്രദര്‍ശനം നടന്നത്.
മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ വച്ച് പ്രദര്‍ശനം നടത്തുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും, കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നല്‍കിയില്ല. വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം ക്യാമ്പസില്‍ എവിടെയും അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചതോടെ സെമിനാര്‍ ഹാളിന് പുറത്തുവച്ച് പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനം. വൈകിട്ട് 6.30 മണിക്ക് കാലടി സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തലസ്ഥാനത്ത് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും പ്രദര്‍ശനമുണ്ടാകും.
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സര്‍വകലാശാലയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടന്നത്. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് പറയാന്‍ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്റെ ചോദ്യം.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. തടയാനില്ലെന്നും നിയമപരമായി നേരിടുമെന്നും എബിവിപിയും പ്രതികരിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പോലെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെനന്നാണ് വിദ്യാര്‍ത്ഥിയൂണിയന്റെ നിലപാട്.
അതേ സമയം, യുകെ സമയം രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.