NATIONAL
സുരക്ഷ വീഴ്ചയെ തുടർന്ന് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

‘
ശ്രീനഗർ: പെട്ടെന്നുണ്ടായ സുരക്ഷ വീഴ്ചയെ തുടർന്ന്
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.. വെള്ളിയാഴ്ച രാവിലെ പുനഃരാരംഭിച്ച ജോഡോ യാത്ര, ഇന്ന് 11 കിലോമീറ്റർ താണ്ടേണ്ടതായിരുന്നു. എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ നിർത്തി.ശ്രീനഗറിലേക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടതിനു ശേഷം വൻ ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തിരുന്നതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പിൻവാങ്ങൽ ഗുരുതര വീഴ്ചയാണെന്നും ജമ്മു കശ്മീർ ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും കോൺഗ്രസ് ആരോപിച്ചു.30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം യാത്ര അവസാനിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു.ഇരുവർക്കും സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ജീവൻവച്ച് കളിക്കുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര നിർത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.