Connect with us

NATIONAL

മോദിയുടെ ആസ്തിയില്‍ 36.53 ലക്ഷത്തിന്റെ വര്‍ധനവ് എന്നാല്‍ പ്രപധാനമന്ത്രിക്ക് സ്വന്തമായി കാറില്ല

Published

on

ന്യൂഡല്‍ഹി: കഴിഞ്ഞ 15 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തിയില്‍ 36.53 ലക്ഷം രൂപയുടെ വര്‍ധനവ്. പ്രധാനമന്ത്രിയുടെ പുതിയ ആസ്തി വിവരകണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.39 കോടിയായിരുന്ന സമ്പാദ്യം, എന്നാല്‍ ഇത് 1.75 കോടിയായി വര്‍ധിച്ചു. 26.26 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2020 ജൂണ്‍ 30 വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബര്‍ 12-ന് മോഡി പുറത്തുവിട്ടത്. പ്രധാനമന്ത്രി പദവിയിലിരിക്കെ ലഭിക്കുന്ന ശമ്പളത്തില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ സേവിങ്സ് അക്കൗണ്ടുകളിലും സ്ഥിരനിക്ഷേപമായുമാണ് മോഡി മാറ്റിയിട്ടുള്ളത്. ഇതില്‍നിന്ന് ലഭിക്കുന്ന പലിശയും ആസ്തിയിലെ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, മോഡിയുടെ വസ്തുവക ആസ്തികളില്‍ മാറ്റമില്ല. 1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്ഥലവും വീടുമാണ് ആസ്തിവിവര കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്. നികുതി കിഴിവിനായി ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം എന്‍എസ്സി (നാഷ്ണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്‍ഷുറന്‍ പ്രീമിയം കുറച്ചതായും എന്‍എസ്സിയിലെ നിക്ഷേപം മോഡി വര്‍ധിപ്പിച്ചതായും പുതിയ ആസ്തി വിവര കണക്കില്‍ ഉള്‍പ്പെടുത്തുന്നു. ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം മോദിയുടെ സേവിങ് അക്കൗണ്ടില്‍ 3.38 ലക്ഷം രൂപ ബാലന്‍സുണ്ട്. 2019 മാര്‍ച്ച് 31-ല്‍ ഇത് 4,143 രൂപ മാത്രമായിരുന്നു.

എസ്ബിഐ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1.27 കോടി രൂപയായിരുന്നു. രണ്ട് ലക്ഷം രൂപ ശമ്പളമുള്ള മോഡിയുടെ കൈവശമുള്ളത് 31,450 രൂപയാണെന്നും കണക്കുകള്‍ പറയുന്നു. ഇതിനു പുറമെ, നാല് സ്വര്‍ണമോതിരവും മോഡിയുടെ പക്കലുണ്ട്. എന്നാല്‍, സ്വന്തമായി കാറോ മറ്റു ബാധ്യതകളോ ഒന്നും തന്നെ മോഡിക്ക് ഇല്ല.

Continue Reading